ആലപ്പുഴ ജില്ലയിൽ ജനനം (1965). കേരള സർവകലാശാലയിൽ കലാലയ വിദ്യാഭ്യാസവും ഗവേഷണവും. തകഴിയുടെ ചെറുകഥകൾ മുൻനിർത്തിയുള്ള പഠനത്തിന് പിഎച്ച്.ഡി. (1993). ചെറുകഥാപ്രസ്ഥാനത്തിലെ തകഴിച്ചിട്ട (1997), ലളിത ഭാഷാശാസ്ത്രം (1997), വലിയ ദൈവങ്ങളും ചെറിയ കാര്യങ്ങളും (1998), നോവൽവായനകൾ: പഴമയും പുതുമയും (2015), നോവൽവിമർശനത്തിന്റെ പെൺവഴികൾ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു.
1995 മുതൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ അധ്യാപികയാണ്. ഗവേഷണം, അധ്യാപനം, ഭരണനിർവഹണം എന്നീ മൂന്നു മണ്ഡലങ്ങളിലും ക്രിയാത്മകമായി ഇടപെട്ടുകൊണ്ടാണ് ഡോ.സുഷമ തൻ്റെ അക്കാദമിക ജീവിതം ആദ്യന്തം കരുപ്പിടിപ്പിച്ചിട്ടുള്ളത്. ഡോ.സുഷമയുടെ മാർഗനിർദ്ദേശത്തിൽ ആറു പേർ പി.എച്ച്.ഡി. നേടി. വ്യാകരണം, ഭാഷാപഠനം, ഭാഷാശാസ്ത്രം, സ്ത്രീപഠനം, നോവൽ-കഥാപഠനം എന്നീ വൈജ്ഞാനിക-സാഹിത്യമേഖലകളിൽ സംഭാവനകൾ നൽകി.
അധ്യാപനം എക്കാലത്തും ഡോ. സുഷമക്ക് സപര്യയും സമർപ്പണവുമാണ്. സംസ്കൃത സർവ്വകലാശാലയുടെ തിരൂർ (തിരുനാവായ) പ്രാദേശിക കേന്ദ്ര ത്തിന്റെ ഡയറക്ടർ എന്ന നിലയിലുള്ള നീണ്ടകാലത്തെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. സ്വന്തമായി സ്ഥലവും കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കി അക്കാദമിക മികവിൻ്റെ കേന്ദ്രമാക്കി പ്രാദേ ശിക കേന്ദ്രത്തെ വളർത്തുന്നതിൽ സുഷമ നേതൃപരമായ സ്ഥാനം വഹിച്ചു. അക്കാദമികവും ഭരണപരവു മായ മികവുകൾക്കുള്ള അംഗീകാരം എന്ന നിലയിൽ 2023 ജൂൺ മുതൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലർ ചുമതല വന്നുചേർന്നു. തികഞ്ഞ പ്രതിബദ്ധതയോടെയും പ്രൊഫഷണലിസത്തോടെയും മലയാളസർവ്വകലാശാലയുടെ അക്കാദമിക-ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുതകുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണ് ഇപ്പോഴവർ.