എഴുത്തച്ഛന്‍ പഠനങ്ങള്‍ക്കായി ഒരു പഠനകേന്ദ്രം 2015 ആഗസ്ത് 31-ന് ആരംഭിച്ചു. കേന്ദ്രം എം.ടി.വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തച്ഛനെ കേന്ദ്രീകരിച്ച ആഴമേറിയ പഠനങ്ങളും ഗവേഷണവും കേന്ദ്രം ഉന്നം വെയ്ക്കുന്നു. ഇതുസംബന്ധിയായി പുതു വിവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം എഴുത്തച്ഛനെ സംബന്ധിച്ച മുഴുവന്‍ അറിവുകളെയും ക്രോഡീകരിക്കുകയും ചെയ്യുന്നു.
ഉപദേശകസമിതിയുടെ ആദ്യയോഗം 2015 ജൂണ്‍ മാസത്തില്‍ ചേര്‍ന്നു. മുന്‍ഗണനാക്രമത്തില്‍ നിര്‍വഹിക്കേണ്ടുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം ആലോചിച്ചു. അധ്യാത്മരാമായണത്തിന്റെയും മഹാഭാരതത്തിന്റെയും സംശോധിതപതിപ്പുകള്‍ വ്യാഖ്യാനത്തോടൊപ്പം തയ്യാറാക്കുവാന്‍ തീരുമാനിച്ചു. എഴുത്തച്ഛന്റെ കൃതികള്‍ക്കുള്ള ഹിന്ദി വിവര്‍ത്തനവും ദേശിയതലത്തില്‍ ഡല്‍ഹി കേന്ദ്രമാക്കി എഴുത്തച്ഛന്‍ സെമിനാറും യോഗത്തിന്റെ പരിഗണനയിലേക്ക് വന്നു. എഴുത്തച്ഛനെ സംബന്ധിച്ച പ്രബന്ധങ്ങളും ഗവേഷണങ്ങളും തയ്യാറാക്കിയവരില്‍നിന്ന് അഭിപ്രായങ്ങള്‍ ആരായാനും യോഗം തീരുമാനിച്ചു. പ്രൊഫ. എം. ശ്രീനാഥനെ എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി തെരഞ്ഞെടുത്തു. പ്രൊഫ. ദേശമംഗലം രാമകൃഷ്ണനെ എഴുത്തച്ഛന്‍ ഗ്ലോസറി തയ്യാറാക്കുന്നതിലേക്കുള്ള എഡിറ്ററായി ചുമതലപ്പെടുത്തി. എഴുത്തച്ഛന്‍ നിഘണ്ടുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപദേശകസമിതിയായി പ്രൊഫ. കെ. പി. ശങ്കരന്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പ്രൊഫ. എസ്. കെ. വസന്തന്‍, ഡോ പി. എം. വിജയപ്പന്‍ എന്നിവരെ തെരഞ്ഞെടുത്തു. എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിലേക്കുള്ള പ്രോജക്ട് സ്റ്റാഫിനെയും നിയമിച്ചു.