ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സമകാലിക മലയാളം: ഹ്രസ്വകാല കോഴ്‌സ്

സമകാലിക മലയാളം: ഹ്രസ്വകാല കോഴ്‌സ്

യു.ജി.സി മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ സമകാലിക മലയാള സാഹിത്യത്തെ അധികരിച്ച് മേയ് 17 മുതല്‍ 31 വരെ ഹ്രസ്വകാല കോഴ്‌സ് നടത്തി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന കോഴ്‌സില്‍ വിവിധ സാഹിത്യശാഖകളിലെ നാല്‍പ്പതോളം എഴുത്തുകാരും നിരൂപകരും വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

കേരളസര്‍വകലാശാല മലയാളവിഭാഗം മേധാവി പ്രൊഫ. ജി. പത്മറാവുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാര്‍ കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീ. എസ്. ഭാസുരചന്ദ്രന്‍, ഡോ. ഭാവന രാധാകൃഷ്ണന്‍, സംസ്‌കൃത സര്‍വകലാശാല മലയാളവിഭാഗം മേധാവി ഡോ. കെ.എസ്. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. രണ്ടാം ദിവസം ‘കഥയും കഥാകൃത്തും’ എന്ന വിഷയത്തില്‍ ശ്രീ സന്തോഷ് ഏച്ചിക്കാനം, ‘കഥാകൃത്തിന്റെ കാഴ്ച്ചപ്പാടുക’ളെക്കുറിച്ച് ശ്രീ ഉണ്ണി ആര്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശ്രീ ടി.ഡി. രാമകൃഷ്ണന്‍ ആഖ്യാനകലയെകുറിച്ചും ഡോ. വത്സലന്‍ വാതുശ്ശേരി മലയാള നോവലിനെക്കുറിച്ചും, ശ്രീ എന്‍.എസ്. ജ്യോതികുമാര്‍ പ്രവാസസാഹിത്യത്തെക്കുറിച്ചും, ഡോ. അശോക് ഡിക്രൂസ് ‘സാമൂഹ്യ ജീവിതവും രചനയും’ എന്ന വിഷയത്തെക്കുറിച്ചും സംസാരിച്ചു. ഡോ. പി.കെ രാജശേഖരന്‍ സമകാലീന മലയാളസാഹിത്യത്തെക്കുറിച്ചും സംസാരിച്ചു. ഡോ. ജോര്‍ജ് ഓണക്കൂര്‍ ‘നായകസങ്കല്‍പ്പം-നോവലില്‍’ എന്ന വിഷയത്തെക്കുറിച്ചും ശ്രീ ബി. മുരളി ചെറുകഥയെക്കുറിച്ചും ശ്രീ പി. രാമന്‍ എന്റെ കവിത എന്ന വിഷയത്തെക്കുറിച്ചും ശ്രീ എം.എസ്. പോള്‍ മലയാളകവിതയെക്കുറിച്ചും ഡോ. ഇ. രാധാകൃഷ്ണന്‍ സാഹിത്യപഠനം എന്ന വിഷയത്തെക്കുറിച്ചും ഡോ. സി. ഗണേഷ് ഭക്ഷണ സാഹിത്യത്തെക്കുറിച്ചും സംസാരിച്ചു. ഡോ. ജെ. ദേവിക സ്ത്രീപക്ഷ നിരൂപണത്തെക്കുറിച്ചും ഡോ. സീമ ജെറോം നോവലിലെ പെണ്‍ കര്‍തൃത്വം എന്ന വിഷയത്തെക്കുറിച്ചും ഡോ. രാജാവാര്യര്‍ മലയാള നാടകത്തെക്കുറിച്ചും ശ്രീ അന്‍വര്‍ അബ്ദുള്ള മലയാളസിനിമയെക്കുറിച്ചും ഡോ. ടി.കെ. സന്തോഷ്‌കുമാര്‍ നവമാധ്യമ സാഹിത്യത്തെക്കുറിച്ചും ഡോ. എ.ജി. ഒലീന ‘സ്ത്രീയും അധികാര വ്യവസ്ഥയും’ എന്ന വിഷയത്തെക്കുറിച്ചും സംസാരിച്ചു. ഡോ. സി.ആര്‍ പ്രസാദ്, ശ്രീമതി ചന്ദ്രമതി എന്നിവരും ക്ലാസ്സെടുത്തു.

ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍, ശ്രീ കുരീപ്പുഴ ശ്രീകുമാര്‍, ശ്രീ അനില്‍ പനച്ചൂരാന്‍, ഡോ. രോഷ്‌നി സ്വപ്ന എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. 2500 രൂപയാണ് ഒരാളില്‍ നിന്ന് ഫീസായി ഈടാക്കിയത്. 25 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും പങ്കാളിയാകാം, വിദ്യാഭ്യാസയോഗ്യത ബാധകമല്ല എന്നീ നിബന്ധനകളോടെ, ആദ്യം രജിസ്റ്റര്‍ ചെയ്ത 20 പേര്‍ക്കാണ് പ്രവേശനം നല്‍കിയത്. മലയാളസര്‍വകലാശാല മലയാളവിഭാഗം പ്രൊഫസര്‍ ഡോ. ടി. അനിതകുമാരി കോഴ്‌സിന്റെ നിയന്ത്രണം നിര്‍വഹിച്ചു.