ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ലൈബ്രറി

അയ്യായിരത്തോളം പുസ്തകങ്ങളും ഏതാനും ആനുകാലികങ്ങളുമായി 2013-ല്‍ പ്രവര്‍ത്തനമാരംഭിച്ച ലൈബ്രറി ഭരണകാര്യലയം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ 1000 ചതുരശ്ര അടി വിസ്‌തീർണമുള്ള സ്ഥലത്താണ് പ്രാരംഭകാലത്ത് പ്രവര്‍‌ത്തിച്ചിരുന്നത്. ഇപ്പോള്‍ ഏകദേശം 30000 ത്തോളം പുസ്തകങ്ങളും നൂറിലധികം ആനുകാലികങ്ങളും ലൈബ്രറിയില്‍ ലഭ്യമാണ്. 5000 ചതുരശ്ര അടി വിസ്‌തീർണമുള്ള സ്വന്തം കെട്ടിടത്തിലാണ് 2016 മുതല്‍ ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നത്. ഏകദേശം 40000-ല്‍ അധികം പുസ്തകങ്ങള്‍ ഉൾകൊള്ളാനും നൂറിലധികം പേർക്ക് ഒന്നിച്ചിരുന്ന് വായിക്കുവാനും സൗകര്യമുള്ള പുതിയ ലൈബ്രറി കെട്ടിടം എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയാണ് സജ്ജീകരിച്ചിട്ടുള്ളത്.

പ്രത്യേകതകള്‍

  • കോഹ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സമ്പൂർണമായും കമ്പ്യൂട്ടർ വൽക്കരിച്ചിരിക്കുന്നു
  •  സൗജന്യ ഇന്റർനെറ്റ് സൗകര്യം
  •  ഡിസ്‌പെയ്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒരുക്കുന്ന ഡിജിറ്റല്‍ ലൈബ്രറി പുരോഗമിക്കുന്നു.
  • അപൂർവ്വ-പൗരാണിക ഗ്രന്ഥശേഖരം
  •  ഇന്‍-ഹൗസ് ഡിജിറ്റൽ വൽക്കരണ പദ്ധതി
  • ഡെൽനെറ്റ് അംഗത്വം
  •  പ്രദേശവാസികൾക്കുള്ള ലൈബ്രറി അംഗത്വ പദ്ധതി

ഡിജിറ്റല്‍ ലൈബ്രറി

സര്‍വകലാശാലയുടെ ഡിജിറ്റല്‍ ലൈബ്രറി പദ്ധതി അതിന്റെ പ്രാരംഭദശയിലാണ്. കേരളസാഹിത്യ അക്കാദമിയില്‍ നിന്നും ലഭിച്ചിട്ടുള്ള ആയിരത്തോളം ഇ-പുസ്തകങ്ങളും ഏതാനും ഇ-ജേണലുകളും ഇതിനോടകം ഡിജിറ്റല്‍ ലൈബ്രറിയില്‍ ലഭ്യമാണ്. സര്‍വകലാശാല സ്വന്തമായി പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും ഇതോടൊപ്പം പുരോഗമിക്കുന്നു.

പഴയപുസ്തകങ്ങളുടെ അപൂര്‍വ്വ ശേഖരം

സര്‍വകലാശാലയുടെ അഭ്യര്‍ത്ഥന മാനിച്ച് മലയാളലര്‍വകലാശാലയുടെ അഭ്യുദയകാംക്ഷികളായ ഏതാനും പ്രമുഖ വ്യക്തികള്‍ തങ്ങളുടെ പുസ്തകശേഖരം സര്‍വകലാശാല ലൈബ്രറിയിലേക്ക് സംഭാവനയായി നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രസിദ്ധീകരണത്തിലില്ലാത്തതും അപൂര്‍വ്വങ്ങളുമായ മുവായിരത്തോളം പുസ്തകങ്ങള്‍ ഇപ്പോള്‍ ലൈബ്രറിയില്‍ ലഭ്യമാണ്. മറ്റു പലരും തങ്ങളുടെ പുസതകങ്ങള്‍ നലാകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യപ്പെടുന്ന ആര്‍ക്കും സര്‍വകലാശാലയുമായി ബന്ധപ്പെടാവുന്നതാണ്.

പ്രദേശവാസികള്‍ക്കുള്ള ലൈബ്രറി അംഗത്വം

സര്‍വകലാശാലയുടെ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കുകൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയാണ് സര്‍വകലാശാലയുടെ തൊട്ടടുത്ത പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ ബിരുദധാരികള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ലൈബ്രറി അംഗത്വപദ്ധതി. ഈ പദ്ധതി പ്രകാരം നൂറിലധികം പ്രദേശവാസികള്‍ സര്‍വകലാശാലയുടെ ലൈബ്രറി ഉപയോഗിച്ചുവരുന്നു.

അക്കാദമിക് ലൈബ്രറി മാനേജ്മെന്റ് ദേശീയ സമ്മേളനം (CALM)

രണ്ട് വര്‍ഷത്തിലൊരിക്കല്‍ കേരളത്തിനകത്തും പുറത്തുമുള്ള അക്കാദമിക് ലൈബ്രറി പ്രൊഫഷണലുകളെ പങ്കെടുപ്പിച്ചുകൊണ്ട് മലയാളസര്‍വകലാശാല അക്കാദമിക് ലൈബ്രറി മാനേജ്മെന്റ് ദേശീയ  സമ്മേളനം സംഘടിപ്പിച്ചുവരുന്നു.

CALM 2015

'അക്കാദമിക് ലൈബ്രറി മാനേജ്മെന്റ് രംഗത്തെ വെല്ലുവിളികള്‍, സാധ്യതകള്‍, പ്രവണതകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഒന്നാമത് അക്കാദമിക് ലൈബ്രറി മാനേജ്മെന്റ് ദേശിയ  സമ്മേളനം 2015 മാര്‍ച്ച് 9, 10 തിയ്യതികളില്‍  നടന്നു. ദേശിയ ലൈബ്രറി മിഷന്‍ കണ്‍സള്‍ട്ടന്റ് ശ്രീ. കെ. കെ. ബാനര്‍ജി ഉദ്ഘാടനം ചെയ്തു. ഡോ. ജഗദീഷ് അറോറ (ഇന്‍ഫ്ലിബ് നെറ്റ്), ഡോ. ഉഷ ​മുന്‍ഷി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍), പ്രൊഫ. എസ്. അരുണാചലം (ഇന്റര്‍നെറ്റ് സൊസൈറ്റി), ഡോ. എം. ജി. ശ്രീകുമാര്‍ (ഐ. ഐ. എം. കോഴിക്കോട്), ഡോ. കെ. പി. വിജയകുമാര്‍ (കേരളസര്‍വകലാശാല), ശ്രീ. എന്‍. വി. സത്യനാരായണ (മാനേജിംഗ് ഡയറക്ടര്‍, ഇന്‍ഫോമാറ്റിക്സ്, ഇന്ത്യ), പ്രൊഫ. ശാലിനി അര്‍സ് (മൈസൂര്‍ സര്‍വകലാശാല) എന്നിവര്‍ സംസാരിച്ചു. വൈസ്ചാന്‍സലര്‍ ശ്രീ. കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി ഉപദേഷ്ടാവ് ശ്രീ. പി. ജയരാജന്‍ സമ്മേളന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു.

CALM 2017

'അക്കാദമിക് ലൈബ്രറികളിലെ ഐ.ടി പ്രയോഗവല്‍ക്കരണം' എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാമത് അക്കാദമിക് ലൈബ്രറി മാനേജ്മെന്റ് ദേശീയ  സമ്മേളനം 2017 ഫെബ്രുവരി 8, 9 തിയ്യതികളില്‍  നടന്നു. ഡെല്‍നെറ്റ് സ്ഥാപക മേധാവി ഡോ. എച്ച്. കെ. കോൾ ഉദ്ഘാടനം ചെയ്തു. ഡോ. ഈശ്വര്‍ ഗൗഡര്‍ (മാംഗ്ലൂര്‍ സര്‍വകലാശാല), ഡോ. കെ. എസ്. രാഘവന്‍ (മദ്രാസ് സര്‍വകലാശാല), പ്രൊഫ. അച്യുതശങ്കര്‍ എസ്. നായര്‍ (കേരളസര്‍വകലാശാല), ഡോ. സംയുക്താരവി (പോണ്ടിച്ചേരി സര്‍വകലാശാല), ഡോ. എ. ആര്‍. ഡി. പ്രസാദ് (ഡി. ആര്‍. റ്റി. സി.) എന്നിവര്‍ സംസാരിച്ചു. ഡോ. കെ. പി. വിജയകുമാര്‍ മോഡറേറ്ററായി. വൈസ് ചാൻസലര്‍ ശ്രീ. കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി ഉപദേഷ്ടാവ് ശ്രീ. പി. ജയരാജന്‍ സമ്മേളന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു.

ലൈബ്രറിയിലേക്കുള്ള പുതിയ പുസ്തകങ്ങൾ

അവസാനം പരിഷ്കരിച്ചത് :29/11/2018