ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

രജിസ്ട്രാർ

രജിസ്ട്രാർ

Contact

E-mail: shyjan@temu.ac.in

Phone: 0494- 2631230

 

ഡോ . ഷൈജൻ ഡി   (14/10/ 2020 മുതല്‍)

ഡോ. ഷൈജൻ ഡി, മുംബൈ സെൻ്റ് സേവിയർസ്  കോളേജിൽ ലക്ചററായി ചുരുങ്ങിയ കാലത്തെ പ്രവർത്തനത്തിനു ശേഷം   2005 ൽ കാലിക്കറ്റ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ ലക്ചററായി ചേർന്നു. തുടർന്ന്  കാലിക്കറ്റ് സർവകലാശാലയുടെ തൃശൂരിൽ പ്രവർത്തിക്കുന്ന  ഡോ. ജോൺ മത്തായി സെന്റർ, സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും മേധാവിയുമായി  നിയമിതനായി. ഡോ. ജോൺ മത്തായി സെന്റർ ഡയറക്ടർ, ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഡയറക്ടർ, തൃശൂരിലെ കേരള പോലീസ് അക്കാദമിയിൽ എം.എസ്സി ഫോറൻസിക് സയൻസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

2020 ജനുവരി മുതൽ കാലിക്കറ്റ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രം ബിരുദാനന്തര ബിരുദ പഠന സമിതി (ബോർഡ് ഓഫ് സ്റ്റഡീസ്)   ചെയർമാനും കേരളത്തിലുടനീളമുള്ള വിവിധ കോളേജുകൾക്കും സർവ്വകലാശാലകൾക്കുമായുള്ള പഠന സമിതി അംഗവുമാണ്.

അദ്ദേഹം ഇപ്പോൾ കേരള സർക്കാരിന്റെ പൊതു ചെലവ് അവലോകനസമിതി (കേരള പബ്ലിക് എക്സ്പൻഡിച്ചർ റിവ്യൂ കമ്മിറ്റി) അംഗമാണ്.

കേരള സമ്പദ്‌വ്യവസ്ഥയിൽ കോവിഡ് -19 ന്‍റെ സ്വാധീനം പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതിയിലേക്കുള്ള പ്രത്യേക ക്ഷണിതാവ് കൂടിയാണ് അദ്ദേഹം.

സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ് തിരുവനന്തപുരം.) വഴി ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് എം.ഫിൽ പിഎച്ച്ഡി ബിരുദങ്ങൾ നേടി.  സേവന മേഖലയുടെ വളർച്ച, തൊഴിൽ, ധന സാമ്പത്തിക ശാസ്ത്രം എന്നിവ അദ്ദേഹത്തിന്റെ ഗവേഷണ താൽപ്പര്യങ്ങളുള്ള മേഖലകളാണ്.

കേരള സർക്കാരിൻ്റെ നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ റിസർച്ച് ഓഫീസർ,  (ഡെപ്യൂട്ടേഷനിൽ), 15-ാമത് ധനകാര്യ കമ്മീഷനിലേക്കുള്ള മെമ്മോറാണ്ടം ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗം തുടങ്ങിയവ അദ്ദേഹത്തിൻ്റെ തൊഴിൽ പരിചയത്തിൻ്റെ തിളങ്ങുന്ന ഏടുകളാണ്.

ഐക്യരാഷ്ടസഭയുടെ ജനീവയിലെ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓഫീസ്, 2017 ല്‍  സംഘടിപ്പിച്ച അഞ്ചാം . അന്താരാഷ്ട്ര സമ്മേളനത്തില്‍ 'മാന്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം' എന്ന വിഷയത്തില്‍ അദ്ദേഹം ഒരു പ്രബന്ധം അവതരിപ്പിച്ചു. 2017, 2018 ലെ തെലങ്കാന സാമൂഹിക വികസന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന സാമ്പത്തിക ശാസ്ത്രസംഘത്തില്‍  അംഗമായി പ്രവര്‍ത്തിക്കുകയും തെലങ്കാന സംസ്ഥാനത്തെ ആരോഗ്യം,തൊഴില്‍,തൊഴില്‍ നില എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങള്‍ രചിക്കുന്നതില്‍ പങ്കാളിയാവുകയും ചെയ്തു. യു.എന്‍.ഡി.പി-ആസൂത്രണ കമ്മീഷന്‍റെ ധനസഹായത്തോടെ,  സംസ്ഥാന ആസൂത്രണ ബോര്‍ഡ് വഴി, 'കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മാനവ വികസന റിപ്പോര്‍ട്ട് ' തയ്യാറാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലപ്മെന്‍റ്, ന്യൂഡല്‍ഹി, ഐക്യരാഷ്ട്ര സംഘടനയുടെ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓഫീസ് എന്നിവയുടെ സംയുക്ത സംരംഭമായ 'ഇന്ത്യയിലെ ചെറുകിട സംരംഭങ്ങളിലെ തൊഴിലാളികളെയും അവരുടെ ആരോഗ്യ സുരക്ഷയെയും' കേന്ദ്രീകരിച്ചുള്ള ഒരു പ്രോജക്ടിന്‍റെ മുഖ്യ ഗവേഷകോപദേഷ്ടാവായി (കണ്‍സള്‍ട്ടന്‍റ് സീനിയര്‍ റിസര്‍ച്ചര്‍) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

 മലപ്പുറം ജില്ലയില്‍ തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ രജിസ്ട്രാറായി  14/10/2020 ന് ചുമതലയേറ്റു.

സാമ്പത്തികവിദഗ്ധന്‍, അക്കാദമിഷ്യന്‍ എന്നീ നിലകളില്‍ വിശിഷ്ടമായ ഒരു തൊഴില്‍ ജീവിതത്തിന്‍റെ തുടര്‍ച്ചയില്‍ ഭരണാധികാരി എന്ന മറ്റൊരു  വിശേഷദൗത്യം കൂടി ഏറ്റെടുക്കുന്നു.