ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പരിസ്ഥിതിയും വികസനവും:  ശില്‍പശാല

പരിസ്ഥിതിയും വികസനവും: ശില്‍പശാല

‘പരിസ്ഥിതിയും വികസനവും’ എന്ന വിഷയത്തെ അധികരിച്ച് 2016 സെപ്തംബര്‍ 27ന് സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല വൈസ് ചാന്‍സലര്‍ ശ്രീ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് ഗവേഷണഫലങ്ങള്‍ ഭരണതലത്തില്‍ നയങ്ങളിലും പരിപാടികളിലും ഉള്‍ചേര്‍ക്കാന്‍ കഴിയുമ്പോള്‍ മാത്രമെ വികസനം സാര്‍ത്ഥകമാവുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.

പ്രൊഫസര്‍ ടി.പി. കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. ജോണി സി ജോസഫ്  കെ.എം. ഷീജ, ശ്രീ എന്‍.വി. വിനുകുമാര്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹ്യശാസ്ത്ര – പരിസ്ഥിതി പഠനവിഭാഗങ്ങള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രാദേശിക വികസന മാതൃകകള്‍, പാര്‍ശ്വവല്‍കൃത ജനസമൂഹം, പരിസ്ഥിതിയും പ്രാദേശിക പ്രശ്‌നങ്ങളും തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് സര്‍വകലാശാലയിലെ പരിസ്ഥിതി – തദ്ദേശവികസന പഠനവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എം.എ കോഴ്‌സിന്റെ ഭാഗമായി തയ്യാറാക്കിയ 14 പ്രബന്ധങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു.

കേരള ഭൂവിനിയോഗബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി വി. ബിന്ദു, മലയാളസര്‍വകലാശാല ഭാഷാശാസ്ത്രം പ്രൊഫസര്‍ ഡോ. എം. ശ്രീനാഥന്‍, കോഴിക്കോട് സര്‍വകലാശാല രസതന്ത്രവിഭാഗം റിട്ട. പ്രൊഫസര്‍ മുഹമ്മദ് ഷാഫി, കോഴിക്കോട് നിറവ് പ്രവര്‍ത്തകന്‍ ശ്രീ ബാബു വേങ്ങേരി, തിരൂര്‍ പുഴ സംരക്ഷണ പ്രവര്‍ത്തകന്‍ ശ്രീ കാസിം, കണ്ടല്‍ സംരക്ഷണ പ്രവര്‍ത്തക ശ്രീമതി ജയശ്രീ എന്നിവര്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് സംസാരിച്ചു.

വെട്ടം പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി കര്‍മ്മരേഖ തയ്യാറാക്കുമെന്നും പഞ്ചായത്തിലെ അഞ്ച് അംഗനവാടികളും ഒരു എല്‍.പി. സ്‌കൂളും മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റുമെന്നും വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാര്‍ അറിയിച്ചു. ‘പരിസ്ഥിതിയും വികസനവും’ ശില്‍പശാലയുടെ സമാപനസമ്മേളനത്തില്‍  വെട്ടം പഞ്ചായത്തിനെ അധികരിച്ച് നടന്ന പഠനങ്ങളും ചര്‍ച്ചയും ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.       സര്‍വകലാശാലയിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് കര്‍മപദ്ധതി തയ്യാറാക്കുകയെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന അംഗനവാടികളെ ശുചിത്വവും ഗുണനിലവാരവുമുള്ള ശിശുസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റും. സര്‍വകലാശാല നില്‍ക്കുന്ന വാര്‍ഡിലെ യു.പി. സ്‌കൂളിന് അക്കാദമികമായും സാംസ്‌കാരികമായും മികവും പരിരക്ഷയും നല്‍കും.

പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാലയിലെ തദ്ദേശവികസനപഠനം – സാമൂഹ്യശാസ്ത്രവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഞ്ചായത്തില്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി. മെഹറുന്നിസയ്ക്കു കൈമാറി. തിരൂര്‍ നഗരസഭ ചെയര്‍മാന്‍ ശ്രീ എസ്. ഗിരീഷ്, സാമൂഹ്യശാസ്ത്രപഠനവിഭാ ഗം മേധാവി ഡോ. ജോണി.സി.ജോസഫ്, ശ്രീമതി കെ. ശ്രീജ എന്നിവര്‍ സംസാരിച്ചു.