ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സാഹിത്യവിഭാഗം വിദ്യാര്‍ത്ഥികളുടെ പഠനയാത്ര  

സാഹിത്യവിഭാഗം വിദ്യാര്‍ത്ഥികളുടെ പഠനയാത്ര  

മലയാളസര്‍വകലാശാലയിലെ സാഹിത്യവിഭാഗത്തിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ആഗ്ര, ഡല്‍ഹി എന്നിവടങ്ങളില്‍ പഠനയാത്ര നടത്തി. സാഹിത്യപഠനം, സാഹിത്യരചന വകുപ്പുകളിലെ ഇരുപത്തിമൂന്നു വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് പഠനയാത്രാസംഘത്തിലുണ്ടായിരുന്നത്. മാര്‍ച്ച് എട്ടാം തിയതി മുതല്‍ പതിനാറാം തിയതി വരെയായിരുന്നു യാത്ര. പത്താം തീയതി ആഗ്രയില്‍ എത്തിയ സംഘം  ചരിത്രപ്രസിദ്ധമായ ബുലന്ദ് ദര്‍വാസയും ആഗ്ര കോട്ടയും താജ് മഹലും സന്ദര്‍ശിച്ചു. പതിനൊന്നാം തിയതി വൈകുന്നേരം ഡല്‍ഹിയിലേക്കു യാത്ര തിരിച്ച സംഘം പന്ത്രണ്ട്, പതിമ്മൂന്ന് തിയതികളില്‍ ഡല്‍ഹിയിലെസാഹിത്യപ്രാധാന്യമുള്ളതും ചരിത്രസാംസ്‌കാരികരാഷ്ട്രീയപ്രാധാന്യമുള്ളതുമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ‘വന്മരങ്ങള്‍ വീഴുമ്പോള്‍’ എന്ന പ്രസിദ്ധ എന്‍.എസ്. മാധവന്‍ കഥയെയും ‘ദൃക്‌സാക്ഷി’ എന്ന ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോട് നോവലിനെയും ഓര്‍മിപ്പിക്കുന്ന ഇന്ദിരാഗാന്ധി സ്മൃതിസ്ഥലവും വി.കെ.എന്‍. രചനകളെ, വിശേഷിച്ച് പയ്യന്‍ കഥകളെ ഓര്‍മിപ്പിക്കുന്ന ഡല്‍ഹിത്തെരുവുകളും സംഘത്തെ ആകര്‍ഷിച്ചു. നൂറുക്കണക്കിനു സാഹിത്യസന്ദര്‍ഭങ്ങളെ ഓര്‍മിപ്പിക്കുന്ന ചരിത്രസ്ഥലങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകം നല്കി. പതിമൂന്നാം തിയതി ഇന്ത്യന്‍ സാംസ്‌കാരികവിസ്മയങ്ങളിലൊന്നായ ഹോളി ആഘോഷം നേരിട്ടുകാണാനും അതില്‍ പങ്കെടുക്കാനും സംഘത്തിനായി. യാത്രാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംഘാംഗവും കവയത്രിയുമായ ഡോ. രോഷ്‌നി സ്വപ്ന എഴുതിയ കവിത മടക്കയാത്രയില്‍ എല്ലാവരെയും ആകര്‍ഷിച്ചു. പതിനാറാം തിയതി കാലത്ത് മടങ്ങിയെത്തി. തിരൂരില്‍ തീവണ്ടിയിറങ്ങി. ഡോ. രോഷ്‌നി സ്വപ്ന, ഡോ. അന്‍വര്‍ എ., ഡോ. മുഹമ്മദ് റാഫി എന്‍.വി. എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന അദ്ധ്യാപകര്‍.