ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

2017 നവംബര്‍ 08 നിരൂപണം സിനിമയുടെ  ബഹുസ്വരമായ വായനകളെ തുറന്നിടുന്നു: സെമിനാര്‍

2017 നവംബര്‍ 08 നിരൂപണം സിനിമയുടെ  ബഹുസ്വരമായ വായനകളെ തുറന്നിടുന്നു: സെമിനാര്‍

ചലച്ചിത്രകൃതികളുടെ ബഹുസ്വരമായ വായനകളെ തുറന്നിടാനും ഭാവുകത്വത്തെ അട്ടിമറിക്കാനും  ചലച്ചിത്രനിരൂപണത്തിന് കഴിയുമെന്ന്  മലയാളസര്‍വകലാശാലയില്‍ നടന്ന 'ചലച്ചിത്രനിരൂപണം: സൗന്ദര്യശാസ്ത്രവും  പ്രയോഗവും'   ദേശീയസെമിനാര്‍ അഭിപ്രായപ്പെട്ടു. സിനിമ സ്വപ്നങ്ങളും ആഹ്ലാദങ്ങളും വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവയെ തകര്‍ത്തെറിഞ്ഞ് പ്രോക്ഷകനെ യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കാന്‍ വിമര്‍ശകന് കഴിയും. എന്നാല്‍  രാഷ്ട്രീയ, സ്ത്രീപക്ഷ, കീഴാളപക്ഷ മാനദണ്ഡങ്ങളും മറ്റും യാന്ത്രികമായി ഉപയോഗിക്കുന്നത് വിമര്‍ശന മേഖലയെ പരിമിതപ്പെടുത്തുന്നുണ്ട്. എല്ലാ അനുഭവങ്ങളുടെയും അതിര്‍വരമ്പുകള്‍ ഉല്ലംഘിക്കുന്ന കലയിലെ തീവ്രനിമിഷങ്ങളെ വിനിമയം ചെയ്യാന്‍ ചിലപ്പോഴെങ്കിലും വിമര്‍ശകന് കഴിയില്ലെന്നും സെമിനാര്‍ വിലയിരുത്തി.

നല്ല നിരൂപകന് മാത്രമെ മികച്ച ചലച്ചിത്രകാരനാകാന്‍ കഴിയുകയുള്ളു എന്ന് 'ചലച്ചിത്രനിരൂപണം: സൗന്ദര്യശാസ്ത്രവും  പ്രയോഗവും' എന്ന വിഷയത്തില്‍   സംസാരിക്കവെ പ്രശസ്ത ചലച്ചിത്രനിരൂപകന്‍ ഐ. ഷണ്‍മുഖദാസ്  പറഞ്ഞു. ചിത്രത്തിന്റെ ആസ്വാദനം എഴുതുന്നതിന് പകരം വിവിധ വിജ്ഞാനശാഖകളെ പഠിച്ചറിഞ്ഞ്  വിലയിരുത്താന്‍ നിരൂപകന് കഴിയണം.  ചലച്ചിത്രമടക്കമുള്ള മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജ അവബോധങ്ങളെയും രാഷ്ട്രീയാന്തര്‍ഗദങ്ങളെയും വെളിവാക്കാന്‍ നിരൂപണം സഹായിക്കുമെന്ന് 'നിരൂപണത്തിന്റെ പ്രത്യയശാസ്ത്ര വഴി'കളെ കുറിച്ച് സംസാരിച്ച ജി.പി. രാമചന്ദ്രന്‍ പറഞ്ഞു.

സാംസ്‌കാരികവ്യവസായത്തിന്റെ ഉത്പന്നമായി സിനിമയെ തിരിച്ചറിയണം. ഓരോകാലത്തും സംസ്‌കാരത്തിന്റെ പൊതുധാര രൂപപ്പെടുത്തുന്നത് ചലച്ചിത്രമടക്കമുള്ള മാധ്യമങ്ങളാണന്ന് 'സൈദ്ധാന്തിക നിരൂപണം സംസ്‌കാരപഠന വഴികള്‍' എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഡോ.സി.എസ് വെങ്കിടേശ്വരന്‍ പറഞ്ഞു. അധീശവര്‍ഗത്തിന്റെയും ഭരണകൂടങ്ങളുടെയും ആശയങ്ങളാണ് മാധ്യമങ്ങള്‍ പൊതുവെ മുന്നോട്ട് വെക്കുന്നത്. പ്രതിവായനയെ പ്രോത്സാഹിപ്പിക്കാനും പ്രേക്ഷകനെ തിരിച്ചറിവിലേക്ക് നയിക്കാനും സംസ്‌കാരപഠനങ്ങള്‍ക്ക് കഴിയണം.  വിവിധ സെഷനുകളില്‍ ഡോ. അശോക് ഡിക്രൂസ്, ഡോ. എന്‍.വി. മുഹമ്മദ് റാഫി, ഡോ.ജി.സജ്‌ന ഡോ.സി.സൈതലവി എന്നിവര്‍ മോഡറേറ്റര്‍മാരായി