ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വായന വ്രതമാക്കിയ പാരമ്പര്യം: എങ്കിലും വായനക്കായി ഒരു ദിനം – ഡോ. അനില്‍ വള്ളത്തോള്‍

വായന വ്രതമാക്കിയ പാരമ്പര്യം: എങ്കിലും വായനക്കായി ഒരു ദിനം – ഡോ. അനില്‍ വള്ളത്തോള്‍

വായന വ്രതമാക്കി മാറ്റിയ പാരമ്പര്യമുള്ള കേരളീയര്‍ക്ക് വായനക്കായി ഒരു ദിനം മാറ്റിവെക്കേണ്ടി വരുന്ന ഗതികേടാണ്  ഉള്ളതെന്ന്  മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍.  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം ഇ-വായനയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുസ്തകവായന ഒരോര്‍മ മാത്രമായി മാറിപ്പോകുമോ എന്നത്  ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കാഴ്ചപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രഖ്യാപനവും പരിപാടിയുടെ ഭാഗമായി വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു.
രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍  നടന്ന   പരിപാടിയില്‍ ലൈബ്രറി ഉപദേഷ്ടാവ് പി. ജയരാജന്‍ സ്വാഗതവും പ്രശസ്ത എഴുത്തുക്കാരന്‍ പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണവും  നടത്തി. സാഹിത്യവും കലയും ഭാവനാസൃഷ്ടിയാണെന്നും ചില ജീവിത സത്യങ്ങള്‍ അതിലുണ്ടാകുമെങ്കിലും റിയലിസവുമായി അതിന് ബന്ധമില്ലെന്നും മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.  എഴുത്ത് എന്നത് ദര്‍ശന ഭംഗികൊണ്ടും ആഖ്യാനം കൊണ്ടുമാണ് ശ്രദ്ധിക്കപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  സി.ഗോവിന്ദക്കുറുപ്പ്, ടി.എന്‍. ഗോപിനാഥന്‍ നായര്‍ എന്നിവരുടെ കൃതികള്‍  മഹാകവി വള്ളത്തോളിന്‍റെ പൗത്രന്‍ സി. രവീന്ദ്രനാഥ് മലയാളസര്‍വകലാശാലയ്ക്ക്  സംഭാവന നല്‍കി. ‘വായനാശീലം, ലൈബ്രറി ഉപയോഗം, പുസ്തകങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ ഡോ. കെ.എം. ഭരതന്‍ (ഡീന്‍, സംസ്കാരപൈതൃകപഠനം), ഡോ. ഇ. രാധാകൃഷ്ണന്‍ (പരീക്ഷാ കണ്‍ട്രോളര്‍), പ്രണവ് (യൂണിയന്‍ ചെയര്‍മാന്‍)  എന്നിവര്‍ പങ്കെടുത്തു. ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രഖ്യാപനത്തിനു ശേഷം ടി.കെ ഹാറൂണ്‍ കരീം (ചക്ഷുമതി പ്രതിനിധി) കാഴ്ചപരിമിതര്‍ക്കുള്ള ലൈബ്രറി സേവനങ്ങള്‍ എന്ന വിഷയത്തില്‍ ആമുഖപ്രഭാഷണം നടത്തി. വായനദിനത്തോടനുബന്ധിച്ച് മികച്ച വായനക്കാരായി തെരഞ്ഞെടുത്ത  ആദില കബീര്‍ (രണ്ടാംവര്‍ഷ സാഹിത്യപഠനം), അര്‍ച്ചന മോഹന്‍ (സാഹിത്യപഠനം ഗവേഷക) എന്നിവര്‍ക്ക് വൈസ്ചാന്‍സലര്‍ ഉപഹാരം നല്‍കി.