ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു

ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു

2021 മാര്‍ച്ച് 03

തിരൂര്‍: മലയാളഭാഷയ്ക്കും സാഹിത്യത്തിനും സര്‍ഗാത്മകമായ സംഭാവനകളാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല നല്‍കിപ്പോരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അഭിപ്രായപ്പെട്ടു. സാമൂഹിക നന്മയുടെയും സംസ്കാരത്തിന്‍റെയും യഥാര്‍ത്ഥ ഉദയം ഭാഷയിലൂടെയാണ്. മനുഷ്യനെ ആദരിക്കാനും ബഹുമാനിക്കാനും ഭാഷയ്ക്ക് കഴിയുമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മലയാള സര്‍വകലാശാലയുടെ പ്രഥമ ഡി. ലിറ്റ് ബിരുദം സമ്മാനിക്കാനാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ സന്നിഹിതനായത്. നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ സി. രാധാകൃഷ്ണന്‍, ഭാഷാപണ്ഡിതനും ഗവേഷകനുമായ പ്രൊഫ. സ്കറിയ സക്കറിയ, മാപ്പിളപ്പാട്ട് കലാകാരനും ഗവേഷകനും എഴുത്തുകാരനുമായ വി.എം. കുട്ടി എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്കുമാണ് ബിരുദം സമര്‍പ്പിച്ചത്. മഹാകവി അക്കിത്തത്തിനു വേണ്ടി അദ്ദേഹത്തിന്‍റെ മകന്‍ അക്കിത്തം വാസുദേവന്‍ ആണ് ബിരുദം സ്വീകരിച്ചത്. വി.എം. കുട്ടി  ഗവര്‍ണറില്‍ നിന്ന് നേരിട്ട് ബിരുദം സ്വീകരിച്ചു. സി. രാധാകൃഷ്ണനു വേണ്ടി നിര്‍വാഹകസമിതി അംഗം കെ.പി. രാമനുണ്ണിയും, പ്രൊഫ. സ്കറിയ സക്കറിയക്ക് വേണ്ടി മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോളും പുരസ്കാരം ഏറ്റുവാങ്ങി.

രാവിലെ 11ന് സര്‍വകലാശാല ആസ്ഥാനത്ത് എത്തിയ ഗവര്‍ണറെ സോപാനം സ്കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെയാണ്  സ്വീകരിച്ചത്. 11.15ന് സര്‍വകലാശാല കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെനറ്റ് യോഗത്തില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദത്തിന് അര്‍ഹരായവരെ കുറിച്ച് വൈസ് ചാന്‍സലര്‍ സംസാരിച്ചു. രാവിലെ 11.30ന് ആരംഭിച്ച ബിരുദദാനചടങ്ങ് ഒരുമണിക്കൂറിനകം പൂര്‍ത്തിയായി. കോണ്‍വെക്കേഷന്‍റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല ഫോക്ലോര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ ചമയപ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. മലയാളസര്‍വകലാശാലയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ചാന്‍സലറോടൊപ്പം വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, നിര്‍വാഹകസമിതി അംഗം കെ.പി. രാമനുണ്ണി, രജിസ്ട്രാര്‍ ഡോ. ഡി.ഷൈജന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.എം. റെജിമോന്‍ എന്നിവരും വേദി പങ്കിട്ടു.

ഡോ.ഷൈജന്‍ ഡി രജിസ്ട്രാര്‍