ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ആറാം അന്താരാഷ്ട്ര കേരളചരിത്ര  കോണ്‍ഫറന്‍സിന്  തുടക്കമായി

ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന് തുടക്കമായി

തിരൂര്‍: ചരിത്രസ്മാരകങ്ങളും അവശേഷിപ്പുകളും ഹിന്ദുത്വ അജന്‍ഡ മുന്‍നിര്‍ത്തി ഗതിവേഗത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നതിനുള്ള തീവ്രശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ചരിത്രം ഒരിക്കലും മാവ് കുഴച്ചതുപ്പോലെ ആക്കരുതെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ആറാമത്  അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രരചന കൃത്യതയോടുകൂടിയും സൂക്ഷ്മതയോടു കൂടിയും ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷവിരോധം ഉയര്‍ത്തിക്കാട്ടി ചരിത്രത്തെ ബോധപൂര്‍വ്വം ഇല്ലാതാക്കാന്‍ സംഘടിത പ്രതിരോധ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ ചരിത്രരചന നടന്നിട്ടുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ ഇനിയും ചരിത്രരചന നടത്തേണ്ടതുണ്ടെന്ന് ആമുഖപ്രഭാഷണം നടത്തിയ കേരളചരിത്ര കോണ്‍ഫറന്‍സ് പ്രസിഡന്‍റ് പ്രൊഫ.എം.ജി.എസ്. നാരായണന്‍  പറഞ്ഞു. വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി റിട്ട.പ്രൊഫസര്‍  ഡോ.ഹര്‍ബന്‍സ് മുഖിയ മുഖ്യപ്രഭാഷണം നടത്തി. താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്‍ ,മലയാളസര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.ടി. അനിതകുമാരി, കേരള ചരിത്രകോണ്‍ഫറന്‍സ് സെക്രട്ടറി പ്രൊഫ. ഗോപാലന്‍ കുട്ടി, പരീക്ഷാകണ്‍ട്രോളര്‍ ഡോ. ഇ. രാധാകൃഷ്ണന്‍, കെ.വി.ശശി,  ഡോ. സി.എ. അനസ്, പഞ്ചമി എന്നിവര്‍ സംസാരിച്ചു. ചരിത്രവിഭാഗം ഗവേഷകവിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ‘തിരൂരിന്‍റെ പ്രാദേശികചരിത്രം’ എന്ന ഡോക്യുമെന്‍ററിയുടെ പ്രകാശനം ഡോ.ഹര്‍ബന്‍സ് മുഖിയ നിര്‍വഹിച്ചു. തുടര്‍ന്ന്  ഡോ. ഇ. രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ ഡോ. എം.ആര്‍. രാഘവവാരിയര്‍ ഏ.ആര്‍ അനുസ്മരണപ്രഭാഷണവും ഡോ. അന്‍വര്‍ അബ്ദുള്ളയുടെ അദ്ധ്യക്ഷതയില്‍ ഡോ.ടി.അനിതകുമാരി ‘മലയാളസാഹിത്യം : സ്ത്രീയും ചരിത്രവും’ എന്ന വിഷയത്തില്‍ വൈജ്ഞാനികപ്രഭാഷണവും നടത്തി. പരിപാടിയുടെ ഭാഗമായി നടക്കുന്ന കലാപരിപാടിയില്‍ സിറാജ് അമലിന്‍റെ നേതൃത്വത്തില്‍ ഗസല്‍ സന്ധ്യയും കലാമണ്ഡലം വേണിയുടെ നേതൃത്വത്തില്‍ ‘ശതമോഹനം’ മോഹിനിയാട്ടവും നടന്നു.
 നാളെ (17.11.18) ‘വിശ്വാസം, മതം, ഭരണഘടന’ എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ പ്രൊഫ. രാം പുണിയാനി , പ്രൊഫ. കെ.എന്‍. ഗണേഷ്, ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ സംസാരിക്കും. പ്രാചീനകേരളചരിത്രം, മധ്യകാലകേരളചരിത്രം, ആധുനികകേരളചരിത്രം, അന്തര്‍വൈജ്ഞാനികം എന്നീ സെഷനുകള്‍ യഥാക്രമം കൊസാംബി ഹാള്‍, സതീഷ്ചന്ദ്ര ഹാള്‍, ബിപിന്‍ചന്ദ്ര ഹാള്‍, ഇളംകുളം ഹാള്‍ എന്നീ വേദികളില്‍ നടക്കുന്നതാണ്.
മറ്റന്നാള്‍ (18ന്) ജ്ഞാനപീഠജേതാവും മലയാളത്തിന്‍റെ കഥാകാരനുമായ എം.ടി. വാസുദേവന്‍ നായരെ ആദരിക്കലും അദ്ദേഹത്തിന്‍റെ ജീവിതവും രചനയും ആസ്പദമാക്കി സര്‍വകലാശാല നിര്‍മിച്ച ഡോക്യൂമെന്‍ററിയുടെ പ്രകാശനവും പ്രദര്‍ശനവും നടക്കുന്നതാണ്. എം. ഷിനാസിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപനസമ്മേളനം ഡോ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.