ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

മലയാളസര്‍വകലാശാലയുടെ മ്യൂസിയത്തിന് എഴുത്താണിയും വെള്ളിക്കോലും കൈമാറി

മലയാളസര്‍വകലാശാലയുടെ മ്യൂസിയത്തിന് എഴുത്താണിയും വെള്ളിക്കോലും കൈമാറി

മലയാളസര്‍വകലാശാലയില്‍ 2 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന പൈതൃകമ്യൂസിയത്തിന് എഴുത്താണി, വെള്ളിക്കോല്‍, ചെല്ലപ്പെട്ടി, മുളക്കരണം, പുരാതനനാണയങ്ങള്‍ എന്നിവ കൈമാറി. സര്‍വകലാശാലയില്‍ വെച്ചു നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഇവ ഏറ്റുവാങ്ങി. മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ പ്രസിഡണ്ട് അബ്ദുള്‍ അലി എം.സി, ശ്രീ മമ്മു മാമ്പ്ര എന്നിവരും പടിഞ്ഞാറേക്കര വലിയവീട്ടില്‍ രാമന്‍ മാസ്റ്ററും കുടുംബാംഗങ്ങളുമാണ് പൈതൃക വസ്തുകള്‍ കൈമാറിയത്. പരീക്ഷാകണ്‍ട്രോളര്‍ ഡോ. ഇ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. സംസ്‌കാരപൈതൃകപഠനം വകുപ്പദ്ധ്യക്ഷ ഡോ. ടി.വി. സുനീത സ്വാഗതവും സംസ്‌കാരപൈതൃകപഠനം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി. സതീഷ് നന്ദിയും പറഞ്ഞു. ശ്രീ മോഹനന്‍ വലിയവീട്ടില്‍, ശ്രീ അബ്ദുള്‍അലി, ശ്രീ മമ്മു മാമ്പ്ര എന്നിവര്‍ സംസാരിച്ചു.

ഇക്കഴിഞ്ഞ ജൂലൈ 20 ന് നടന്ന സംസ്‌കൃതി ദേശീയ പൈതൃകസമ്മേളനം ഉദ്ഘാടനം ചെയ്ത മ്യൂസിയം വകുപ്പുമന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ മ്യൂസിയം സന്ദര്‍ശിച്ച വേളയില്‍ എഴുത്താണി കാണണമെന്ന് ആവശ്യപ്പെടുകയും അത് ഇല്ലാത്തത് ഒരു പ്രമുഖദിനപത്രം വാര്‍ത്തയാക്കുകയും ചെയ്തിരുന്നു അത് വായിച്ചറിഞ്ഞാണ് മേല്‍പ്പറഞ്ഞവര്‍ ഈ പൈതൃകവസ്തുകള്‍ സര്‍വകലാശാലയ്ക്ക് കൈമാറ്റം ചെയ്യാന്‍ തയ്യാറായത്.

2016 ഓഗസ്റ്റ് 25 ന് പ്രവര്‍ത്തനമാരംഭിച്ച മ്യൂസിയം ഇതിനോടകം 3000-ലധികം പേര്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. 250 പൈതൃകവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ അപൂര്‍വഗ്രന്ഥങ്ങളുള്‍പ്പടെ 35 താളിയോലഗ്രന്ഥങ്ങളും മറ്റ് പൈതൃകവസ്തുക്കളും മ്യൂസിയം ശേഖരത്തിലുണ്ട്.