ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

“എഴുത്തച്ഛന്‍ എക്കാലത്തും മലയാളി എഴുത്തുക്കാര്‍ക്കുള്ള  ഊര്‍ജ്ജസ്രോതസ്സ്” : ഡോ. അനില്‍ വള്ളത്തോള്‍

“എഴുത്തച്ഛന്‍ എക്കാലത്തും മലയാളി എഴുത്തുക്കാര്‍ക്കുള്ള  ഊര്‍ജ്ജസ്രോതസ്സ്” : ഡോ. അനില്‍ വള്ളത്തോള്‍

തിരൂര്‍: ‘മലയാളി എഴുത്തുകാര്‍ക്കുള്ള നിലയ്ക്കാത്ത ഊര്‍ജ്ജസ്രോതസ്സായി എക്കാലവും എഴുത്തച്ഛന്‍ നിലകൊള്ളുന്നു’ മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യവിഭാഗവും എഴുത്തച്ഛന്‍ പഠനകേന്ദ്രവും സംയുക്തമായി നടത്തിയ എഴുത്തച്ഛന്‍ ദിനാചരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ മാരക മുറിവുകള്‍ ഉണക്കുകയാണ് എല്ലാക്കാലത്തും ഭാഷാസ്നേഹികള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തച്ഛന്‍റെ ഭാഷയും ഭക്തിയുടെ വ്യതിരിക്തതയും സാമൂഹികദര്‍ശനവുമെല്ലാം ഇതിന് മുതല്‍ക്കൂട്ടായി പ്രവര്‍ത്തിക്കുന്നു. വായനക്കാരില്‍ നിരന്തരമായ അസ്വസ്ഥത സൃഷ്ടിക്കുന്ന കൃതികളാണ് കാലാതീതമായി നിലനില്‍ക്കുന്നത്. എഴുത്തച്ഛന്‍ തൊട്ട് നാളിതുവരെയുള്ള കൃതികള്‍ അതിനു തെളിവു നല്‍കുന്നു.

അതുവരെ നിലനിന്നിരുന്ന അറിവിന്‍റെ ഉച്ചനീചത്വങ്ങളെ ജനാധിപത്യവല്‍ക്കരിക്കുക എന്ന ചരിത്ര ദൗത്യം ഏറ്റെടുത്തതുകൊണ്ടാണ് എഴുത്തച്ഛന്‍ ഭാഷയുടെയും സംസ്കാരത്തിന്‍റെയും പിതാവായത് എന്ന് ചടങ്ങില്‍ ‘എഴുത്തും സാമൂഹ്യദര്‍ശനവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിന്‍റെ ഗവേഷണപത്രികയായ ‘തുഞ്ചത്തെഴുത്തച്ഛന്‍’, ഡോ. അനില്‍ വള്ളത്തോള്‍ രചിച്ച ‘എഴുത്തച്ഛന്‍ എന്ന പാഠപുസ്തകം’, വിജയരാജ മല്ലികയുടെ ‘ആണ്‍ നദി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. രാഷ്ട്രപതിയുടെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ നേടിയ പ്രൊഫ. ചാത്തനാത്ത് അച്യുതനുണ്ണിയെ സര്‍വകലാശാല ആദരിച്ചു. ഡോ. രോഷ്നിസ്വപ്നയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ടി. അനിതകുമാരി, ഡോ. കെ. എം. അനില്‍, ശ്രുതി വൈലത്തൂര്‍, ഡോ. മുഹമ്മദ് റാഫി എന്‍. വി., കൃഷ്ണ കെ. പി, വിജി റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.