Malayalam University Malayalam University


 

പ്രൊജെക്ടുകൾ

സമഗ്രമലയാളനിഘണ്ടു
ഓണ്‍ലൈന്‍ സമഗ്രമലയാളനിഘണ്ടുവിന്റെ പ്രവര്‍ത്തനം 2014 നവംബറില്‍ ആരംഭിച്ചു. സാങ്കേതിക പിന്തുണ നല്‍കുന്ന C-DAC, IIIT-K എന്നീ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം നിലവില്‍ വന്നു.

ഭാഷാഭേദസര്‍വേ
മലപ്പുറം ജില്ലയില്‍ മലയാളസര്‍വകലാശാല നടത്തിയ ഭാഷാദേദസര്‍വേ പൂര്‍ത്തിയായി. 2015 നവംബര്‍ ഒന്നിന് സര്‍വകലാശാലയുടെ മൂന്നാം സ്ഥാപനദിനത്തില്‍ സര്‍വേ റിപ്പോര്‍ട്ട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു.
ഭാഷാവൈവിദ്ധ്യത്തിന്റെ സാമൂഹ്യമായ അടിയൊഴുക്കുകള്‍ നൂതനമായ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കുന്ന റിപ്പോര്‍ട്ട് ഭാഷാവിജ്ഞാനീയത്തില്‍ പുതിയ അറിവുകള്‍ ചേര്‍ത്തു വയ്ക്കുന്നു. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന സര്‍വേ ഫലങ്ങള്‍ ഇനിയും വിശദമായ അപഗ്രഥനത്തിന് വിധേയമാക്കേണ്ടതാണ്. മലപ്പുറം ജില്ലയില്‍ മാത്രമായി നിലനില്‍ക്കുന്ന അനേകം വാക്കുകള്‍ സമഗ്രമലയാള നിഘണ്ടുവില്‍ ഇടം നേടുകയും ചെയ്യും.
കേരളത്തിലെ എല്ലാ ജില്ലകളിലെയും ലക്ഷദ്വീപിലെയും ഭാഷാഭേദങ്ങള്‍ രേഖപ്പെടുത്തുകയും പഠനവിധേയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സര്‍വേകള്‍.

പൈതൃകസര്‍വേ
മലപ്പുറം ജില്ലയില്‍ സര്‍വകലാശാല നടത്തിയ പൈതൃകസര്‍വേ ഭാഗികമായി പൂര്‍ത്തിയായി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അമ്പതുശതമാനം ഗ്രാമപഞ്ചായത്തുകളില്‍ ഈ സര്‍വ്വേ നടത്തപ്പെട്ടത്. അസംഖ്യം പുരാവസ്തുക്കളും സ്മാരകങ്ങളും പുരാരേഖകളും അടയാളപ്പെടുത്തുന്നതിന് സര്‍വേവഴി സാധിച്ചു. വിശദമായ ഫോട്ടോഡോക്യുമെന്റേഷനും സംരക്ഷണപരിപാടികളും കൂടി തയ്യാറാവുമ്പോള്‍ മാത്രമേ സര്‍വേ പൂര്‍ത്തിയായതായി കരുതാന്‍ കഴിയൂ. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അപഗ്രഥിക്കുന്ന റിപ്പോര്‍ട്ട് തയ്യാറായി വരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും.

പരിഭാഷാപ്രോജക്ട്
മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യകൃതികള്‍ വ്യാപകമായി ഇംഗ്ലീഷിലും മറ്റ് വിദേശഭാഷകളിലും പ്രസിദ്ധീകരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്തും, മലയാളസര്‍വകലാശാല ഇതിന് വേണ്ട നയപരമായ സമീപനങ്ങളും പ്രായോഗിക പരിപാടികളും ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞും വിപുലമായ ഒരു പരിഭാഷാ പ്രോജക്ട് ആരംഭിച്ചു. പ്രോജക്ടിന്റെ കണ്‍സള്‍ട്ടന്റായി ഈ മേഖലയില്‍ ദീര്‍ഘകാല പരിചയം നേടിയ ശ്രീമതി മിനികൃഷ്ണനെ നിയമിച്ചു. ശ്രീ സച്ചിദാനന്ദന്‍, ഡോ. ഇ.വി. രാമകൃഷ്ണന്‍, ഡോ. ജാന്‍സി ജെയിംസ്, ഡോ. ജെ. ദേവിക, ഡോ. എം.എം. ബഷീര്‍, ഡോ. ടി.എം. യേശുദാസന്‍, ഡോ. കെ.എം. ഷെരീഫ് എന്നിവരടങ്ങുന്ന പ്രോജക്ട് സമിതി രൂപീകരിച്ചു. വിമണ്‍ അണ്‍ലിമിറ്റഡ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ്, നവയാന, ഓറിയന്റ്, ബ്ലാക്ക്‌സ്വാന്‍ എന്നീ ഇംഗ്ലീഷ് പ്രസാധകരുമായി പ്രസിദ്ധീകരണകരാര്‍ ഒപ്പു വെച്ചു.
ഇന്ത്യയില്‍ സാന്നിദ്ധ്യമുള്ള ഇംഗ്ലീഷ് പ്രസാധകരെ കൂടാതെ മറ്റ് യൂറോപ്യന്‍ ഭാഷകളിലേയ്ക്കും സമകാലിക മലയാള സാഹിത്യം ചെന്നെത്തണം എന്ന ഉദ്ദേശ്യത്തോടെ മലയാളത്തിലെ പ്രമുഖ പ്രസാധകരെ സഹകരിപ്പിച്ച് 2016 ലെ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക്‌ഫെയറില്‍ മലയാളസര്‍വകലാശാല പങ്കെടുത്തു.
മലയാളത്തിലേക്ക് അന്യഭാഷകളില്‍ നിന്നുള്ള പ്രധാനപ്പെട്ട കൃതികള്‍ പ്രത്യേകിച്ച് വൈജ്ഞാനിക മേഖലകളില്‍ പ്രസിദ്ധീകരിക്കേണ്ടത് ഇത്രതന്നെ പ്രധാനമാണ്. ഇതിനായി വിവിധ വിഷയങ്ങളിലെ 50 പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറായി. 2016-17 വര്‍ഷങ്ങളില്‍ ഇവ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കും.

മ്യൂസിയം പ്രോജക്ട്
മലയാളസര്‍വകലാശാലയ്ക്ക് സ്ഥിരമായ കാമ്പസ് ഉണ്ടാവുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക മ്യൂസിയം ഒരു പ്രധാനപ്പെട്ട കേന്ദ്രമായിരിക്കും. ഇപ്പോള്‍തന്നെ സംസ്‌കാരപൈതൃക വകുപ്പിന്റെയും ചരിത്രവകുപ്പിന്റെയും പ്രവര്‍ത്തനഫലമായി ധാരാളം പുരാവസ്തുക്കളും പുരാരേഖകളും സര്‍വകലാശാലയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. വ്യക്തികള്‍ തങ്ങളുടെ പക്കലുള്ള വിശിഷ്ട പൈതൃകവസ്തുക്കള്‍ സര്‍വകലാശാലയെ ഏല്‍പിക്കുന്നുമുണ്ട്. പൈതൃകസര്‍വേ പുരോഗമിക്കുന്ന മുറയ്ക്ക് ധാരാളം പുരാവസ്തുകള്‍ സ്വന്തമാക്കാനോ, ഡോക്യുമെന്റ് ചെയ്യാനോ സാധിക്കും. ചെറിയ കാലയളവ് കൊണ്ട് ഈ വിധം സമ്പാദിക്കുന്ന പൈതൃകവസ്തുക്കളുടെ ശാസ്ത്രീയമായ പരിരക്ഷയ്ക്കും ഡോക്യുമെന്റേഷനും, ആവശ്യമായ ഘട്ടങ്ങളില്‍ ഡിജിറ്റലൈസേഷനുമായി ഒരു മ്യൂസിയം പ്രോജക്ട് പ്രവര്‍ത്തനമാരംഭിച്ചു. പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിച്ചു. മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ലഭ്യമായ ഡിജിറ്റല്‍ ദൃശ്യശ്രാവ്യ വിഭവങ്ങള്‍ ശേഖരിക്കുക എന്നതും ഈ പ്രോജക്ടിന്റെ ലക്ഷ്യമാണ്. മീഡിയ ആര്‍ക്കൈവ്‌സ്, സിനിമ ആര്‍ക്കൈവ്‌സ് എന്നിവയും മ്യൂസിയം പ്രോജക്ടിന്റെ ഭാഗമായി രൂപീകൃതമാവും.